കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.
താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. നടന്‍ പേര് തുറന്നു പറയുന്ന നിലയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു.