മുനമ്പത്തേത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം, നിയമവഴിയിലൂടെ പരിഹാരം കാണണം: കിരണ്‍ റിജിജു

General

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇത് തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു.

മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും എറണാകുളം ജില്ലാ കലക്ടര്‍ പുന:പരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *