ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഒന്‍പതു പന്ത് ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് മറികടന്നത്.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പി. അഭിഷേക് ശര്‍മ 55 പന്തില്‍ 141 റണ്‍സെടുത്തു. വിജയം ഉറപ്പാക്കിയ ശേഷമാണ് അഭിഷേക് ശര്‍മ ക്രീസ് വിട്ടത്. 14 ഫോറും 10 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സ്. 40 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതമാണ് അഭിഷേക് സെഞ്ച്വറി കടന്നത്. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡ് 37 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സെടുത്ത് പുറത്തായി.
246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സ് തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കുന്നതാണ് കണ്ടത്. ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡ് – അഭിഷേക് ശര്‍മ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 74 പന്തില്‍ അടിച്ചുകൂട്ടിയത് 171 റണ്‍സാണ്.
വിജയത്തിന്റെ അരികെ 55 പന്തില്‍ 141 റണ്‍സുമായി അഭിഷേകിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും, ഹെന്റിച് ക്ലാസന്‍ (14 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21), ഇഷാന്‍ കിഷന്‍ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം 9) എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെയാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍.