മധുര: സിപിഎമ്മിന് ഇനി പുതിയ നേതൃത്വം. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഉള്‍പ്പെടെ നടന്ന 24 ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടു. 18 അംഗ പോളിറ്റ് ബ്യൂറോയും നിലവില്‍ വന്നു. കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകളാണ്.
അതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധി ഡി എല്‍ കരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. ആകെ വോട്ടില്‍ 692 വോട്ടുകള്‍ സാധുവായി.
പുതിയ കേന്ദ്ര കമ്മിറ്റിയ്ക്കെതിരെ മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ രംഗത്തെത്തിയതോടെയാണ് വോട്ടെടുപ്പ് ആവശ്യമായി വന്നത്. ഔദ്യോഗിക പാനലിനെതിരെ യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതോടെ പ്രസീഡിയം മത്സരത്തിന് അനുമതി നല്കി.