മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ നൂറ് കോടി ക്ലബ്ബിൽ. ലോകമെമ്പാടും റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എംപുരാന്‍ ഈ നേട്ടം കൈവരിച്ചത്. “എംപുരാൻ 48 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ബോക്സ് ഓഫീസിൽ 100 കോടി കടന്ന്, സിനിമാ ചരിത്രത്തിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. ഈ അസാധാരണ വിജയത്തിന്റെ ഭാഗമായതിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഇത് സാധ്യമാക്കിയത്”.- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ എന്നീ മോഹൻലാൽ സിനിമകൾ ഇതിനു മുൻപ് 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മാര്‍ച്ച് 27 ന് ആണ് എംപുരാൻ തിയറ്ററുകളിലെത്തിയത്. അതേസമയം ചിത്രം വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
ശ്രീ ഗോകുലം മൂവീസ്, ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുബാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.