മോദി സ്തുതി; തരൂരിന്റെ ‘ന്യൂട്രല്‍ രാഷ്ട്രീയത്തില്‍പ്പെട്ട്’ കോണ്‍ഗ്രസ്; സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി

General

തിരുവനന്തപുരം: ശശി തരൂരിന്റെ മോദി സ്തുതിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലുക്ഷിതമാകുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് പറഞ്ഞ ശശി തരൂര്‍, ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ധര്‍ പങ്കെടുത്ത ‘റായ്സിന ഡയലോഗില്‍’ ആണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്. തരൂരിന്റെ പ്രതികരണം സ്വാഗതം ചെയ്ത ബിജെപി മോദിയുടെ വിദേശനയത്തിന്റെ അംഗീകാരമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ തിരിക്കുന്നതാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്.

തരൂരിന്റെ ഈ പ്രതികരണത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്‍പ്പടെ അതൃപ്തിയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം അനുചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘ഇക്കാര്യത്തില്‍ തരൂരിന്റെ അഭിപ്രായമല്ല ഞങ്ങളുടേത്. എന്നാല്‍ ഇത് മാധ്യമങ്ങളോട് പറയാനില്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ സംസാരിക്കണമോ എന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന്റെ ഔചിത്യമാണ്. സംഘടനാ സംവിധാനങ്ങള്‍ക്കൊപ്പമാണെങ്കില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. നിരന്തരമായി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് തുടരുന്നത് പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലും താല്‍പര്യമില്ലെന്നാണ് കാണിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

തരൂരിന്റെ അഭിപ്രായപ്രകടനങ്ങള്‍ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാണ് സംസ്ഥാന നേതാക്കളുടെ ആക്ഷേപം. അതിന് പിന്നാലെയാണ് വീണ്ടും മോദി സ്തുതിയുമായി തരൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തരൂരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അനാവശ്യ മോദി സ്തുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തരൂര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ ഈ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *