അബുദാബി: യുഎയില്‍ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ അന്വേഷകര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ അന്വേഷകര്‍ ആവശ്യപ്പെടുന്ന ശമ്പളവും കമ്പനികള്‍ നല്‍കുന്ന ശമ്പളവും തമ്മില്‍ 30 ശതമാനത്തിന്റെ അന്തരമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്നത്. അതേസമയം കമ്പനികളില്‍ മികവുറ്റ ജീവനക്കാര്‍ ഉള്ളതുകൊണ്ട് പുതുതായി വരുന്ന ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.
നൗക്കരി ഗള്‍ഫ് ഹയറിങ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പ്രകാരം തൊഴിലന്വേഷകര്‍ സാധാരണയായി തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 15-30 ശതമാനം കൂടുതല്‍ ആവശ്യപ്പെടുന്നു. സീനിയര്‍ തസ്തികകളിലാണ് ഈ വ്യത്യാസം കൂടുതലും കാണുന്നത്. യുഎഇ, ഗള്‍ഫ് തൊഴില്‍ വിപണികളില്‍ ആഗോള തൊഴിലന്വേഷകരുടെ എണ്ണം കുതിച്ചുയരുന്നതായും നൗക്കരി ഗള്‍ഫ് റിപ്പോര്‍ട്ട് പറയുന്നു.