‘ഇന്ത്യയുടെ പക്കല്‍ ഇഷ്ടംപോലെ പണമുണ്ട്, പിന്നെ നമ്മളെന്തിന് കൊടുക്കണം?’; സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ്

General

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് (21 മില്യണ്‍ ഡോളര്‍) 160 കോടി രൂപയോളം വരുന്ന സഹായം അമേരിക്ക നിര്‍ത്തലാക്കിയത്.

സഹായം നിര്‍ത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് നടത്തിയ പ്രതികരണവും ഇങ്ങനെ: ”ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ ( 160 കോടി രൂപ) എന്തിന് യുഎസ് കൊടുക്കണം? അവരുടെ കൈവശം ധാരാളം പണമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ”- എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

യുഎസ് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ന്റെ ശുപാര്‍ശ അനുസരിച്ചാണ് ധനസഹായം നിര്‍ത്തുന്നത്. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഫെബ്രുവരി 16നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്നതാണ് തീരുമാനത്തിന് ഡോജ് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *