ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ് കലക്ടർ, അടൂർ സബ് കലക്ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ സെക്രട്ടറി എന്ന നിലയിൽ ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളും ഗ്യാനേഷ് കുമാർ കൈകാര്യം ചെയ്തിട്ടുണ്ട്.