തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.
സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് ധാരണ.
കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.