കോഴിക്കോട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 529.50 കോടി രൂപ പലിശ രഹിത വായ്പയായി അനുവദിച്ചതില്‍ അന്‍പത് വര്‍ഷത്തിന് ശേഷം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പിണറായി വിജയന്‍ വേവലാതിപ്പെടേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പലിശ രഹിതയായ വായ്പയാണ് നല്‍കിയിരിക്കുന്നത്. നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ നല്‍കിയ തുക ഗ്രാന്റിന് തുല്യമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു
’50 വര്‍ഷത്തേക്കുള്ള പലിശ രഹിത വായ്പയാണ് നല്‍കിയത്. ഫലത്തില്‍ അത് ഗ്രാന്റ് തന്നെയാണ്. 50 വര്‍ഷം കഴിഞ്ഞിട്ട് ഇത് തിരിച്ചടയ്ക്കുന്നതിനെ പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ടതില്ല. അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികള്‍ക്ക് വരും. പുനരധിവാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രം ഇപ്പോള്‍ വയനാടിനെ കൈയച്ച് സഹായിച്ചിരിക്കുകയാണ്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകും. കിട്ടിയ സഹായം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്’- കെ സുരേന്ദ്രന്‍ പറഞ്ഞു.