കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത് തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലെ യു ഡി എഫ്. ബൂത്ത് നേതൃസംഗമങ്ങളിൽ പങ്കെടുക്കുകയായിരുന്നു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത് പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.
