ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.
പാലം പുനര്‍നിര്‍മിക്കാനുള്ള പ്രാഥമിക പദ്ധതി നിര്‍ദേശം പൊതുമരാമത്തു വകുപ്പ് പാലം വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖ തയാറാക്കിയത്. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലം പണിയുകയെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദുരന്തത്തില്‍ പരമാവധി ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തില്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റര്‍ നീളത്തില്‍ പണിയുന്നത്. ഡിസൈനിലും പ്രത്യേകതകളുണ്ട്. ‘ബോസ്‌ട്രിങ് ഗേര്‍ഡഡ് ടൈപ്’ പാലമാണ് പണിയുന്നത്. വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്‌ഥാനം നിര്‍മിക്കുക. പ്രദേശത്തെ മണ്ണിന്റെ സ്വഭാവം പഠനവിധേയമാക്കിയതിനു ശേഷമേ പ്രവൃത്തി ആരംഭിക്കുകയുള്ളൂ. 35 കോടി രൂപയാണ് ഏകദേശ ചെലവ് കണക്കാക്കുന്നത്. ചൂരല്‍മല ടൗണില്‍ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം നിര്‍മിക്കുക. പദ്ധതിക്കായുള്ള പ്രാഥമിക നിര്‍ദേശമാണ് സമര്‍പ്പിച്ചതെന്നും ഭരണാനുമതി ലഭിച്ചാല്‍ മാത്രമേ സാങ്കേതിക അനുമതി അടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊതുമരാമത്ത് പാലം വിഭാഗം അധികൃതര്‍ അറിയിച്ചു.