സ്ത്രീകളിലെ അര്‍ബുദ പരിശോധനയുമായി ആരോഗ്യ വകുപ്പ്ക്യാന്‍സര്‍ കെയര്‍ സ്‌ക്രീനിങ് ക്യാമ്പയിന് നാലിന് തുടക്കം

General

സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ കെയര്‍ പരിശോധന നടത്തുന്നു. ക്യാന്‍സര്‍ കെയര്‍ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടറേറ്റില്‍ നടന്ന ജില്ലാതല ക്യാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പെയിന്‍ ഇന്റര്‍ സെക്ടര്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് ഏട്ട് വരെയാണ് പരിശോധന നടക്കുക. രോഗം വൈകി കണ്ടെത്തുന്നത് സംബന്ധിച്ച് ആശങ്ക പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവയില്‍ അവബോധം നല്‍കല്‍, സ്വമേധയാ ഉള്ള പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി പരിശോധനക്ക് വിധേയമാകാന്‍ ജനങ്ങളില്‍ അനുകൂല സാഹചര്യം വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പെയിനിലൂടെ. സാമൂഹികവും സാമ്പത്തികവുമായി ദുര്‍ബലമായവര്‍ക്ക് സ്‌ക്രീനിങ്, ചികിത്സ എന്നിവക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കും. ജില്ലയിലെ 30-65 ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളെയും സ്‌ക്രീനിങ്ങിന് വിധേയമാക്കും. സ്ത്രീകള്‍ക്ക് സ്ത്രീകളിലൂടെയെന്ന പ്രചാരണ ബോധവത്ക്കരണത്തിലൂടെ ജനങ്കീയ പങ്കാളിത്തം ഉറപ്പാക്കി രോഗ നിര്‍ണയം നടത്തും. സര്‍ക്കാര്‍ -സ്വകാര്യ മേഖലകളുടെയും സാമൂഹിക പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന പരിശോധന ക്യാമ്പയിനില്‍ എപിഎല്‍ വിഭാഗക്കാരെ സ്വമേധയാ സ്‌ക്രീനിങ്ങിനായി പ്രോത്സാഹിപ്പിക്കും. ജില്ലയിലെ പ്രാഥമിക – കുടുംബാരോഗ്യങ്ങള്‍, പ്രൈവറ്റ് ക്ലിനിക്കുകള്‍ മുഖേന സ്തനാര്‍ബുദ നിര്‍ണയത്തിന് ക്ലിനിക്കല്‍ പരിശോധനയും ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയത്തിന് പാപ്പ്സ്മിയര്‍ പരിശോധനയും നടത്തും. ക്യാമ്പെയിന്റെ ഭാഗമായുള്ള സര്‍വ്വെ എല്ലാവരും പൂര്‍ത്തീകരിക്കണം. ക്യാന്‍സര്‍ കെയര്‍ പരിശോധനയ്ക്ക് 30 കഴിഞ്ഞ എല്ലാ സ്ത്രീകളുടെയും സര്‍ക്കാര്‍ ഓഫീസുകളിലെ മുഴുവന്‍ വനിതാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് യോഗത്തില്‍ അറിയിച്ചു. കുഷഠ രോഗ നിര്‍ണയ ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കുന്ന ബോധവത്കരണ ക്യാമ്പെയിനില്‍ പങ്കെടുത്ത് പരിശോധന ഉറപ്പാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ സമീറ സെയ്തലവി, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *