തദ്ദേശസ്വയംഭരണ, വ്യവസായ വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പരിഹാരം കാണുക, സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സംരംഭകസഭ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് നല്കുന്ന വിവിധ സബ്സിഡി പദ്ധതികളായ പിഎഇജിപി, പിഎംഎഫ്എംഇ, ഒഎഫ്ഒഇ, മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ് പദ്ധതികള്‍, ബാങ്ക് സേവനങ്ങള്‍, ലൈസന്‍സ് ബില്‍ഡിങ് നിയമം തുടങ്ങിയ വിഷയത്തില്‍ ക്ലാസ്സുകള്‍ നടന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന് അധ്യക്ഷനായ പരിപാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്. രമ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോമോന് ജോസഫ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ് തീണ്ടുമ്മല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്, കെഎസ്എസ്ഐഎ പ്രസിഡന്റ് പി.ഡി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
