മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

General

തിരുവനന്തപുരം: മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.

പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.

സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോൾ, ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *