തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച ( 22 ന്) നടത്തുന്ന പണിമുടക്കിനെതിരെ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളില്‍ അല്ലാതെ അവധി അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കി.
സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍, പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വകുപ്പ് മേധാവി/ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശനകവാടത്തിന്റെയും താക്കോല്‍ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് നേരത്തെതന്നെ ഓഫീസില്‍ പ്രവേശിക്കാന്‍ ഓഫീസ് തുറന്നുകൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യും.