കൊച്ചി: വിവിധ മെട്രോസ്റ്റേഷനുകളിൽനിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിനുസമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകീട്ട് നാലിന് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളിൽ സർവീസ് ലഭ്യമാണ്. ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും ആരംഭിക്കും. ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി-–മെഡിക്കൽ കോളേജ്, ഹൈക്കോടതി-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് ജലമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്–കലക്ടറേറ്റ് എന്നി റൂട്ടുകളിലാണ് തുടക്കത്തിൽ സർവീസ്. ആലുവ-വിമാനത്താവള റൂട്ടിൽ 80, മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്.
പണമടച്ചും ഡിജിറ്റൽ പേയ്മെന്റ് വഴിയും ടിക്കറ്റ് എടുക്കാം. യുപിഐ, റുപേ ഡെബിറ്റ് കാർഡ്, കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ടിക്കറ്റ് നേടാം. ശീതീകരിച്ച 15 ബസുകളാണ് സർവീസിനുള്ളത്. ഒരോ ബസിലും 33 വീതം സീറ്റുകളുണ്ട്.