പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇതോടെ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി.
കേസിൽ ആകെ 58 പേരാണ് പ്രതികളെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പെൺകുട്ടി അഞ്ച് തവണ കൂട്ട ബലാത്സംഗത്തിനു ഇരയായെന്നു കണ്ടെത്തി.
ഇതുവരെ അറസ്റ്റിലായവരിൽ നാലുപേർ പ്രായപൂർത്തി ആകാത്തവരാണ്. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറൽ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെൺകുട്ടിയെ പലരും പീഡിപ്പിച്ചു.