ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കുറച്ച് സീറ്റും വോട്ടും ലഭിക്കാനായി യുഡിഎഫ് വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുകയാണ്. താത്കാലിക ലാഭത്തിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ കൂട്ടിയാല്‍ തകര്‍ച്ചയായിരിക്കും ഫലമെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ ബിജെപി വിജയിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസിനു കിട്ടിയ 86,000-ത്തോളം വോട്ടാണ് 2024-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയിലേക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.