ചരിത്രമെഴുതി ടീം ടോട്ടൽ, കൂറ്റൻ ജയം; അയർലൻഡിനെതിരെ ഏകദിന പരമ്പര ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ

General

രാജ്‌കോട്ട്: അയർലൻഡ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. തുടരെ രണ്ടാം പോരും ജയിച്ച് 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഉറപ്പിച്ചു. 116 റൺസ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. നിശ്ചിത ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 370 റൺസെടുത്തു. വനിതാ ഏകദിനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന റെക്കോർഡും ഈ പ്രകടനം സ്വന്തമാക്കി. മറുപടി പറഞ്ഞ അയർലൻഡിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസിൽ അവസാനിച്ചു.

ഇന്ത്യയുടെ ടീം ടോട്ടൽ റെക്കോർഡ് നേരത്തെയും അയർലൻഡിനെതിരെ തന്നെയായിരുന്നു. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ്.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിനു ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ നിലനിർത്താൻ പോലും കഴിഞ്ഞില്ല. ക്രിസ്റ്റിന കോൾട്ടർ റിയലിയാണ് പൊരുതി നിന്നത്. താരം 80 റൺസെടുത്തു. ഓപ്പണർ സാറ ഫോബ്‌സ് (38), ലോറ ഡെൽനി (37), ലി പോൾ (പുറത്താകാതെ 27) എന്നിവരും പിടിച്ചു നിന്നു. പക്ഷേ ടീമിനെ ജയത്തിലെത്തിക്കാൻ ഇവർക്കൊന്നും സാധിച്ചില്ല.

ഇന്ത്യക്കായി ദീപ്തി ശർമ 3 വിക്കറ്റുകൾ വീഴ്ത്തി. പ്രിയ മിശ്ര 2 വിക്കറ്റുകൾ സ്വന്തമാക്കി. ടിറ്റസ് സാധു, സയാലി സത്ഗരെ എന്നിവർ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *