ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത്: പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സൈസിന്റെ പിടിയില്‍

General

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് ലക്ഷ്വറി ബസ്സില്‍ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാമോളം എംഡിഎംഎ യും കണ്ടെത്തിയ സംഭവത്തില്‍ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി. രാത്രി 2 മണിയോടെ  മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും, മലപ്പുറം തിരൂര്‍ സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന്  തിരൂരില്‍ വച്ച്  പിടികൂടി. തിരൂര്‍ കാടാമ്പുഴ തട്ടാംപറമ്പ് വെട്ടിക്കാടന്‍ വീട്ടില്‍ സാലിഹ് (35), മാല്‍ദാരി വീട്ടില്‍ അബ്ദൂള്‍ ഖാദര്‍ .എം ( 38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാലിഹ് ബാംഗ്ലൂരില്‍ നിന്ന് രണ്ടാംപ്രതി അബ്ദുല്‍ ഖാദറിന്റെ പേരില്‍ മേല്‍ ലഹരി വസ്തുക്കള്‍ പാഴ്‌സല്‍ മാര്‍ഗ്ഗം ലക്ഷ്വറി ബസ്സില്‍ തിരൂരിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സാലിഹ് മറ്റൊരു ബസ്സില്‍ തിരൂരില്‍ എത്തി അബ്ദുള്‍ഖാദറിനോട് മേല്‍ പാഴ്‌സല്‍ കൈപ്പറ്റി തന്റെ വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതികളുടെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ മാനന്തവാടി എക്‌സൈസ് സംഘം ഇന്‍സ്‌പെക്ടര്‍ കെ.ശശിയുടെ നേതൃത്വത്തില്‍ രാത്രിയോടുകൂടെ തിരൂരില്‍ എത്തുകയും തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയ്യന്‍.കെ യുടെ നേതൃതത്തിലുള്ള തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍, റെയിഞ്ച് ടീമുകള്‍ ചേര്‍ന്ന് പ്രതികളുടെ വീട് വളഞ്ഞ് പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികളില്‍നിന്ന്  ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

 മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് ലഹരി വസ്തുക്കള്‍. മാനന്തവാടി എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ പി കെ ചന്തു,ജോണി കെ,ജിനോഷ് പി ആര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് .പി.,തിരൂര്‍ എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീഷ് പി ബി ,ജയകൃഷ്ണന്‍ .എ,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇന്ദു ദാസ്. പി. കെ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ചന്ദ്രമോഹന്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.പുലര്‍ച്ചെതിരൂരില്‍ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കും. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മേല്‍ പ്രതികള്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *