ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് പരിഷ്‌കരിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കായി രണ്ട് പുതിയ കാലാവധിയിയിലുള്ള നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചു. ഇത് 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
7 ശതമാനം പലിശ ലഭിക്കുന്ന 303 ദിവസത്തെയും 6.7 ശതമാനം പലിശ ലഭിക്കുന്ന 506 ദിവസത്തെയും സ്ഥിര നിക്ഷേപ പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് പരിഷ്‌കരിച്ചതോടെ, ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 3.5 ശതമാനം മുതല്‍ 7.25 ശതമാനം വരെയായി. തെരഞ്ഞെടുക്കുന്ന കാലാവധി അനുസരിച്ച് പലിശനിരക്കില്‍ മാറ്റം ഉണ്ടാവും.
400 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതി തെരഞ്ഞെടുത്താല്‍ ആണ് 7.25 ശതമാനം പലിശ ലഭിക്കുക. ഇത് പൊതുവിഭാഗത്തിന്റെ പലിശനിരക്കാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയേഴ്‌സിനും ഇതില്‍ കൂടുതല്‍ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനമാണ് പരമാവധി ലഭിക്കുക. 400 ദിവസം കാലാവധിയുള്ള പ്ലാന്‍ തന്നെ തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇത്രയും ഉയര്‍ന്ന പലിശ ലഭിക്കുക. ഇതേ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്ന സൂപ്പര്‍ സീനീയേഴ്‌സിന് 8.05 ശതമാനം പലിശ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിഎന്‍ബി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നിക്ഷേപ വളർച്ച വർധിപ്പിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ധനം സമാഹരിക്കുന്നതിന് ബാങ്കുകളോട് ഏകോപിത ശ്രമം നടത്താൻ ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിഎൻബിയുടെ നടപടി.