സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 85 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം. തുടര്‍ന്ന് മതിലില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറന്ന വിമാനത്തില്‍ 181 പേരുണ്ടായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും ദേശീയ അഗ്‌നിശമന ഏജന്‍സി അറിയിച്ചുവെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.