കല്‍പ്പറ്റ: അന്പലവയല്‍ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നു മുതല്‍ 15 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പോത്സവത്തിന്‍റെ(പൂപ്പൊലി) ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി ബിജെപി.
മുൻ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50ല്‍ നിന്നു 60തായും കുട്ടികള്‍ക്ക് 20ല്‍ നിന്നു 30 രൂപയായും വർധിപ്പിക്കാനാണ് സംഘാടക സമിതി തീരുമാനം.
ഇത് പ്രവാർത്തികമാക്കിയാല്‍ ജനുവരി രണ്ട് മുതല്‍ മുഴുവൻ ടിക്കറ്റ് കൗണ്ടറുകളും ഉപരോധിക്കുമെന്ന് ബിജെപി അന്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പുരുഷോത്തമൻ കളരിക്കല്‍, മറ്റു ഭാരവാഹികളായ പി.എം. അരവിന്ദാക്ഷൻ, പി.വി. നാരായണൻ, എം.ടി. അനില്‍, കെ.എം. സഹദേവൻ, കെ.ആർ. ഷിനോജ്, പ്രദീപ് അന്പലവയല്‍, കെ. വേണു, ദേവദാസ് തോമാട്ടുചാല്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മുൻവർഷങ്ങളില്‍നിന്നു വ്യത്യസ്തമായി പൂപ്പൊലി നടത്തിപ്പ് കോഴിക്കോടുള്ള ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തെ ഏല്‍പ്പിച്ചിരിക്കയാണ്. പൂപ്പൊലി നഗരിയില്‍ 50 സർക്കാർ സ്റ്റാളുകള്‍ ഒഴികെ മുഴുവൻ സംവിധാനങ്ങളും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലാണ്. സർവകലാശാലാ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനെന്നുപറഞ്ഞാണ് പൂപ്പൊലി നടത്തിപ്പ് 1.36 കോടി രൂപയ്ക്ക് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തെ ഏല്‍പ്പിച്ചത്. പ്രാദേശിക താത്പര്യങ്ങള്‍ അവഗണിച്ചായിരുന്നു സർവകലാശാല അധികൃതരുടെ നടപടി.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരെ സഹായിക്കാൻ എന്ന വ്യാജേനയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്. വിവിധ കേന്ദ്രങ്ങളില്‍നിന്നു എതിർപ്പ് ഉയർന്നിട്ടും തീരുമാനവുമായി സർവകലാശാല മുന്നോട്ടുപോകുകയാണ്. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കാൻ സർവകലാശാല തയാറാകണം. പൂപ്പൊലി നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും ബിജെപി ഭാരവാഹികള്‍ ആവശ്യപ്പെട്ടു