ന്യൂഡല്‍ഹി: ഡോ. അംബേദ്കറുടെ അന്തസ്സു കാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെ ആദരമായാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്. ബിജെപി വഴിതിരിച്ചുവിടല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റ് വളപ്പില്‍ രണ്ട് ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ പരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ആഭ്യന്തരമന്ത്രിക്കെതിരായ ശക്തമായ പ്രതിഷേധത്തിനുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള എഫ്‌ഐആര്‍. ഇത് ബിജെപിയുടെ വഴി തിരിച്ചുവിടല്‍ തന്ത്രമാണ്. അംബേദ്കറിന് വേണ്ടി പ്രതിരോധിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അംഗീകാരമായാണ് കാണുന്നത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ കാരണം രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഇതിനോടകം തന്നെ 26 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പുതിയ എഫ്‌ഐഐആര്‍ അദ്ദേഹത്തേയോ കോണ്‍ഗ്രസിനേയോ പിന്തിരിപ്പിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ ബിജെപി നേതാക്കള്‍ ശാരീരികമായി ആക്രമിച്ചതായി ആരോപിച്ച് കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ നല്‍കിയ പരാതികളില്‍ നടപടിയെടുക്കാത്തതിനെയും വേണുഗോപാല്‍ ചോദ്യം ചെയ്തു.
രാഹുല്‍ ഗാന്ധിക്കെതിരായ എഫ്ഐആര്‍ കള്ളമാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി എംപിമാരാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പാര്‍ലമെന്റ് വളപ്പില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ ബിജെപി എംപിമാരെ തള്ളിമാറ്റുകയും തുടര്‍ന്ന് ബാലസോര്‍ എംപി പ്രതാപ് സാരംഗി, ഉന്നാവോ എംപി മുകേഷ് രാജ്പുത് എന്നിവര്‍ക്ക് പരിക്കേറ്റുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.