ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

General

ന്യൂഡല്‍ഹി: രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.

ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളായോ വ്യാവസായിക ഉല്‍പ്പന്നങ്ങളായോ കണ്ട് ഭക്ഷ്യേതര എണ്ണകള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുന്ന തരത്തില്‍ ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണയുടെ നികുതി കുറയുന്നതിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക.

ചെറിയ പായ്ക്കറ്റുകളിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ അതോ ഭക്ഷ്യേതര എണ്ണയായാണോ കാണേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ അവ്യക്തത നിലനിന്നിരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ അവരുടേതായ വ്യാഖ്യാനമാണ് നടത്തിയിരുന്നത്. ഇത് പ്രധാന നാളികേര ഉല്‍പ്പാദക സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വെളിച്ചെണ്ണ ഉല്‍പ്പാദകര്‍ക്ക് നിയമപരമായും സാമ്പത്തികമായും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *