ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രേവതിയുടെ കുടുംബത്തോട് ഒരിക്കൽ കൂടി എന്റെ അനുശോചനം അറിയിക്കുന്നു. അത് ശരിക്കും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഒരിക്കലും കരുതിക്കൂട്ടി ചെയ്ത ഒന്നായിരുന്നില്ല.
അന്ന് സംഭവിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ പറയുന്നു. അത് എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു കാര്യമല്ലായിരുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവൻമാരുടെയുമൊക്കെ സിനിമകൾ തിയറ്ററിൽ വന്ന് കാണുന്ന ആളാണ് ഞാൻ. പക്ഷേ ഇങ്ങനെ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല. ഇത് ശരിക്കും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്.
ഞാൻ ആ കുടുംബത്തിനൊപ്പം ഉണ്ടാകും. എന്നെക്കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്യും. മരിച്ചയാളുടെ നഷ്ടം നികത്താനാകത്തതാണ്, എങ്കിലും ഞാൻ എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കൽ കൂടി എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.”- അല്ലു അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.