അമ്മയുടെ തോല്‍വിക്ക് പകരം വീട്ടാന്‍ മകന്‍; കെജരിവാളിനെതിരെ ന്യൂഡല്‍ഹിയില്‍ സന്ദീപ് ദീക്ഷിത്

General

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഡല്‍ഹിയില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും. 21 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പരിചയസമ്പത്തും യുവത്വവും സമ്മേളിക്കുന്ന ലിസ്റ്റില്‍, ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈലൈറ്റ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നേരിടാന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത് ആണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ നേരിടുക. ഷീല ദീക്ഷിത് 2013 ലും 2015 ലും കെജരിവാളിനോട് പരാജയപ്പെട്ട മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിതിന് വെറുമൊരു രാഷ്ട്രീയ പോരാട്ടം മാത്രമല്ല ഇത്തവണത്തേത്. കുടുംബത്തിന്റെ പാരമ്പര്യം വീണ്ടെടുക്കാനും പഴയ കണക്കുകള്‍ തീര്‍ക്കാനുമുള്ള ഒരു അവസരമാണം കൂടിയാണ്. കെജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും കടുത്ത വിമര്‍ശകന്‍ കൂടിയാണ് സന്ദീപ് ദീക്ഷിത്.

കെജരിവാളിന്റെ മണ്ഡലത്തില്‍ ബിജെപിയും കരുത്തനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹി മുന്‍ എംപിയുമായ പര്‍വേശ് വര്‍മ്മയാകും ബിജെപി സ്ഥാനാര്‍ത്ഥി ആകുകയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദ്ര യാദവ്, പാര്‍ട്ടി വക്താവ് രാഗിണി നായിക്, മുദിത് അഗര്‍വാള്‍, ശിവാങ്ക് സിംഘാല്‍ തുടങ്ങിയവര്‍ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *