തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിൽ എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ആരോപണമുന്നയിച്ചാണ് മധു പാർട്ടി വിടുന്നത്. എന്നാൽ മധുവിനെതിരെ സാമ്പത്തിക, സംഘടനാ വിരുദ്ധ പരാതികളുണ്ടെന്നു സിപിഎം പറയുന്നു. മധുവിനെതിരെ ജോയി സിവിൽ, ക്രിമിനൽ കേസുകൾ നൽകും. ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ യോഗം ചേർന്നു നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. മധുവിനെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി ഇന്നുണ്ടാകും.
മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ നടകീയ സംഭവങ്ങൾക്കൊടുവിലാണ് മധു പാർട്ടി വിടുന്നത്. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന മധുവിനെ ഇത്തവണ സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതോടെ അദ്ദേഹം സമ്മേളനത്തിൽ നിന്നു ഇറങ്ങിപ്പോയി. മധുവിനു മൂന്നാം ഊഴം നൽകേണ്ടതില്ലെന്നു സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അഭിപ്രായ വോട്ടെടുപ്പിലും പരാജയമായതോടെയാണ് മധുവിന്റെ ഇറങ്ങിപ്പോക്ക്. അന്ന് തന്നെ ഇനി സിപിഎമ്മിനൊപ്പമില്ലെന്നും പ്രഖ്യാപിച്ചിരുന്നു.