വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

General

കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫളളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കിറ്റുകള്‍ നല്‍കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നതിന് തുല്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു.

എന്നാല്‍ കിറ്റുകള്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ദുരന്തബാധിതര്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടി രണ്ടു മാസം മുന്‍പ് എത്തിച്ചതാണ് കിറ്റുകളെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം. കര്‍ണാടക ഉള്‍പ്പെടെയുള്ള പലഭാഗങ്ങളില്‍നിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂര്‍ത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകള്‍ കാരണം വിതരണം വൈകിയതിനാല്‍ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന പരാതിയില്‍ ടി സിദ്ദിഖ് എംഎല്‍എയും രംഗത്തെത്തി. മേപ്പാടി പഞ്ചായത്ത് വാങ്ങിയ അരിയിലല്ല മറിച്ച് റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ്. ഇക്കാര്യത്തില്‍ പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല . റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തുന്ന സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *