അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

General

കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും.

വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും.

വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *