കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചാരണം ആരംഭിച്ചു. രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ചാണ് സത്യന്‍ മൊകേരിയുടെ പ്രചാരണം. രാഹുല്‍ വയനാട്ടിനോട് ചെയ്തത് കൊടും ചതിയാണ്. പ്രിയങ്ക ഗാന്ധിയും വേറെ സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റിട്ടുണ്ട്. അതുപോലെ പ്രിയങ്കയേയും ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും സത്യന്‍ മൊകേരി പറയുന്നു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് വയനാട്ടിലെത്തും. ഇന്ന് വയനാട്ടില്‍ എത്തുന്ന നവ്യക്ക് ബി ജെ പി വയനാട് ജില്ലാ ഘടകം സ്വീകരണം നല്‍കും. നഗരത്തില്‍ പി കെ കൃഷ്ണദാസിന്റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്. പ്രിയങ്കക്കെതിരായ മത്സരത്തില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബിജെപി ആലോചന. യുവസ്ഥാനാര്‍ത്ഥിയായ നവ്യയ്ക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ആകര്‍ഷിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 23 ന് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സംബന്ധിക്കും. തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് കല്‍പ്പറ്റയില്‍ റോഡ് ഷോയും നടത്തും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രചാരണത്തിനായി സോണിയ കേരളത്തിലെത്തുന്നത്. പ്രിയങ്ക ഗാന്ധി 10 ദിവസം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.