തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാത്ത നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ എന്താണ് അടിസ്ഥാനമെന്ന് ബിനോയ് വിശ്വം ചോദിച്ചു.
സിപിഐ ഉന്നയിക്കുന്ന ഈ ചോദ്യം ശരിയാണ്. ഈ നിലപാടില്‍ പാര്‍ട്ടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഇടതുപക്ഷ ശരികളെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് സിപിഐ. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മാനിക്കേണ്ട രാഷ്ട്രീയബോധമുണ്ട്. എന്നാല്‍ തീരുമാനം അനന്തമായി നീണ്ടു പോകാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.