ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് ഇടിവോടെ ഓഹരി വിപണിയില്‍ വ്യാപാരത്തിന് തുടക്കം. ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്‌സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്‌സിന്റെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്ടത്തിന്റെ ചുവടുപിടിച്ച് സെന്‍സെക്‌സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തി ഹത്യക്കുള്ള ശ്രമമാണെന്ന മാധബിയുടെ പ്രതികരണത്തിനെതിരെ വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ് രംഗത്തുവരികയായിരുന്നു. ഭിന്ന താല്‍പ്പര്യം കാണം സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. മാധബി പുരിയുടെ പ്രതികരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും ഹിന്‍ഡെന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി.