മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ക്യൂ ആർ കോഡ് പിൻവലിക്കുന്നു; സിഎംഡിആർഎഫ് പോർട്ടൽ വഴിയോ നേരിട്ടോ സംഭാവന നൽകാം

General

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ദുരിതാശ്വാസനിധിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭാവന നൽകുന്നതിനുള്ള ക്യു ആർ കോഡ് സംവിധാനം പിൻവലിക്കും. പകരം സിഎംഡിആർഎഫിന്‍റെ Donation.cmdrf.kerala.gov.in എന്ന പോർട്ടലിലെ ബാങ്ക് അക്കൗണ്ടുകൾ, യു പി ഐ, ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയോ നേരിട്ടോ പണം സംഭാവന നൽകാം. സംഭാവന നൽകിയതിന്‍റെ രസീത് പോർട്ടലിൽനിന്ന് ഉടനടി ഡൗൺലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യം ആണ് വയനാട്ടിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹം ഉണ്ട്. ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവ്വമത പ്രാർത്ഥന നടത്തി സംസ്കരിക്കും. വയനാടിന് വേണ്ടി വലിയ അധ്വാനവും മികച്ച ആസൂത്രണവും ഉള്ളനപുനരധിവാസം ഒരുക്കും. സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്തും. വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ ബദൽ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം സമീപകാലത്ത് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് ദുരന്തങ്ങൾക്ക് കാരണം. അതിതീവ്ര മഴ പ്രധാന കാരണം. അതി തീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. മുന്നറിയിപ്പ് രീതിയിൽ കാലഘട്ടങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *