മുല്ലപ്പെരിയാർ ഡാം: പാട്ടക്കരാറിന്റെ സാധുത പരിശോധിക്കും; നിർണായക നീക്കവുമായി സുപ്രീം കോടതി

General

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. 1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സരക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും.

കരാറിന് സാധുതയുണ്ടെന്ന് 2014 ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്ന് തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ പാര്‍ക്കിങ് കോംപ്ലക്‌സ് നിർമിക്കുന്നതിനെതിരെ തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കോടതി നിർണായക പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

കരാർ പരിശോധനയടക്കം ഹർജിയിൽ പരിഗണന വിഷയങ്ങൾ നിർണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. കേസിൽ സെപ്റ്റംബർ 30ന് കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാദം കേള്‍ക്കും. മുൻപ് കേസ് പരിഗണിച്ചപ്പോള്‍ മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *