മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 9 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
അവര്‍ക്ക് ഇതുവരെ പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധിക്കുന്നത്. കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മലപ്പുറത്തിന് പുറത്ത് ആറു പേരുണ്ട്. തിരുവനന്തപുരത്ത് നാലുപേരും പാലക്കാട് രണ്ടുപേരുമാണ് കോണ്‍ടാക്ട് ലിസ്റ്റിലുള്ളത്. തിരുവനന്തപുരത്തുള്ള നാലുപേരില്‍ 2 പേര്‍ പ്രൈമറി കോണ്‍ടാക്ടും 2 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ടുമാണ്. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ടു പേരില്‍ ഒരാള്‍ സ്റ്റാഫ് നഴ്‌സും ഒരാള്‍ സെക്യൂരിറ്റി സ്റ്റാഫുമാണ്.
ഇതു കൂടാതെ കുട്ടി ബസില്‍ ട്യൂഷന് പോയിരുന്നു. ഏതു ബസിലാണെന്ന് ആര്‍ടിഒയുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. അതിലുണ്ടായിരുന്ന പ്രൈമറി കോണ്‍ടാക്ട്‌സിനെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ വീടുവീടാന്തര സര്‍വേ നടത്തുന്നുണ്ട്. 224 പേരടങ്ങുന്ന ടീമാണ് സര്‍വേ നടത്തുന്നത്. പാണ്ടിക്കാട് 144 പേരും ആനക്കയത്ത് 80 പേരുമാണ് സര്‍വേ സംഘത്തിലുള്ളത്.
ഈ പഞ്ചായത്തുകളില്‍ ഓരോ വീട്ടിലും പനിയോ മറ്റെന്തെങ്കിലും അസ്വാഭാവിക അസുഖമോ, വളര്‍ത്തു മൃഗങ്ങള്‍ ചാകുന്ന സ്ഥിതിവിശേഷമോ ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള ചോദ്യാവലി നല്‍കിയിട്ടുണ്ട്. അതിലൂടെ സമാഹരിക്കും. ഈ പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങളുടെ സാംപിള്‍ ശേഖരിക്കും.