ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യ പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

General

ആമയിഴഞ്ചാൻ തോടിലെ റെയിൽവേയുടെ അധീനതയുള്ള ഭാഗത്തെ മാലിന്യം പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്. രാവിലെ 11:30ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, മേയർ, റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർ പങ്കെടുക്കും.

ശുചീകരണ തൊഴിലാളി ജോയ് റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ ടണലിൽ അകപ്പെട്ടത്തോടെയാണ് മാലിന്യ കൂമ്പാരവും ശ്രദ്ധയിൽപ്പെടുന്നത്. ആമയിഴഞ്ചാൻ തോടിന്റെ ഭാഗമായ ടണലിലെ മാലിന്യം വർഷങ്ങളായി റെയിൽവേ നീക്കം ചെയ്തിരുന്നില്ല. ഇതാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചത്. തമ്പാനൂരിലെ വെള്ളക്കെട്ടിന് പ്രധാന കാരണവും ടണലിലെ മാലിന്യം നീക്കം ചെയ്യാത്തതാണ്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അടിയന്തരയോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. തമ്പാനൂരിലെയും കൊച്ചുവേളിയിലെയും റെയിൽവേ ഭൂമിയിലെ മാലിന്യകൂമ്പാരം ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ സന്ദർശിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.ഉന്നത തല യോഗത്തിലെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും മറ്റ് തുടർനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *