അബുദാബി: യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ നഷ്ടപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വന്‍പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐസിപി) മുന്നറിയിപ്പ്.
14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്‌പോര്‍ട്ട് നടപടികള്‍ ചെയ്യുന്നത്, കമ്പനി ഇ-ദിര്‍ഹം കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരല്ലാത്തവരുടെ ഇടപാട് നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആര്‍ഒ കാര്‍ഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 500 ദിര്‍ഹം വീതമാണ് പിഴ.
എമിറേറ്റ്‌സ് ഐഡി റജിസ്‌ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിര്‍ഹം ഈടാക്കും. പരമാവധി 1000 ദിര്‍ഹമാണ് ഈ ഇനത്തില്‍ പിഴ ചുമത്തുക.