കോഴിക്കോട്: പിഎസ് സി കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പ്രമോദ് കോട്ടൂളി പരാതി നൽകുക.
അതേസമയം പി എസ് സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും.
രാവിലെ പത്തിന് ബിജെപി കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.