ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.
ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രംപിന് നേരയുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ക്രൂക്‌സ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ ഇയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രംപ് സുഖമായിരിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ട്രംപിന് എതിരായ ആക്രമണത്തില്‍ നിരവധി നേതാക്കള്‍ ആശങ്കയറിയിച്ചു. ്അമരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പേരാണ് ട്രംപിന് നേരെയുളള അക്രമണത്തിനെതിരെ രംഗത്തുവന്നത്. തന്റെ സുഹൃത്ത് യുഎസ് മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.