തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണ്. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും പൂർത്തിയായതിൽ സന്തോഷമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉമ്മൻചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. വിഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് എഴുതിയത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെയെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.