കൊച്ചി: ആകാശ് തില്ലങ്കേരിയുടെ നിയമലംഘനയാത്രയില്‍ ഒന്‍പത് കുറ്റങ്ങള്‍ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍ 45,000 രൂപ പിഴയൊടുക്കണം. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.
എല്ലാ കുറ്റങ്ങളും വാഹന ഉടമയുടെ പേരിലാണ് എടുത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ലൈസന്‍സ് ഇല്ലാതെ ആകാശ് തില്ലങ്കേരിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിലും ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. നേരത്തെയും ഈ വാഹനത്തിനെതിരെ സമാനമായ മൂന്ന് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിച്ചത്.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്‌ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി. വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.
സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ഒരു കേസ് നേരത്തെ എടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം കോടതി പരിശോധിച്ചത്. ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് എംഡിയുടെ വാഹനം ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചും കേരളസര്‍ക്കാര്‍ ബോര്‍ഡും വെച്ച് അമിതവേഗതയില്‍ പാഞ്ഞ സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ വാഹനം പരിശോധിച്ച് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.