ദുബായ്: ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ എയര്‍ കേരള വിമാന സര്‍വീസിന് വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചതോടെ പ്രവാസി മലയാളികള്‍ക്ക് മിതമായ നിരക്കില്‍ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്.
മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് എയര്‍ കേരള വിമാന സര്‍വീസിന് പിന്നില്‍. എയര്‍ കേരളയ്ക്ക് പിന്നിലെ പ്രധാനികള്‍ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ്. വര്‍ഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സര്‍വീസിന് പ്രവര്‍ത്താനനുമതി കിട്ടിയപ്പോള്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ അഫി അഹമ്മദ് പ്രതികരിച്ചത്.
‘എയര്‍ കേരള സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആദ്യ കടമ്പയാണ് എന്‍ഒസി. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തദ്ദേശീയമായി സര്‍വീസ് നടത്തും. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഒരു എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ATR 72-600 വിമാനം ഉപയോഗിക്കും.
‘ഞങ്ങള്‍ വിമാനം വാങ്ങിക്കഴിഞ്ഞാല്‍, അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് എയര്‍ കേരള പ്രാദേശികമായി സര്‍വീസ് നടത്തും. തുടക്കത്തില്‍, ടയര്‍ 2, 3 നഗരങ്ങളെ ദക്ഷിണേന്ത്യയിലെ ടയര്‍ 1 നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ, ‘- അഫി അഹമ്മദ് പറഞ്ഞു. മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.