ബംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗളുരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. ദക്ഷിണ കന്നഡയിലും 150 മില്ലിമീറ്ററും ഉഡുപ്പിയിൽ 152 മില്ലിമീറ്റർ മഴയും ലഭിച്ചു. ഹൊന്നാവർ താലൂക്കിലെ 313 പേരെ എട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മറ്റ് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ബംഗളൂരുവിലെ ചില ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വരെ മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മുംബൈയിലെ തീരദേശങ്ങളിലും പടിഞ്ഞാറൻ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച പെയ്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മഴയെ തുടർന്ന് റെയിൽ വ്യോമ ഗതാഗതവും തടസപ്പെട്ടിരുന്നു.