കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി പിടിച്ചെടുത്തത്.
ഈ രേഖകള്‍ ആധികാരികമാണോയെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന അടക്കം നടത്തണമെന്നും, എന്നാല്‍ ഇഡിയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയിലായി എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.