ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. പ്രദേശത്ത് സൈന്യം തിരിച്ചടി തുടരുകയാണ്. നാല് ഭീകരർക്കായി തിരച്ചിലും തുടരുന്നു. ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനു പരിക്കേറ്റു. സൈനികനെ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ഏറ്റുമുട്ടലുകൾ തുടങ്ങിയത്.
സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. വന മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിരുന്നു. അതിനിടെ ഭീകരർ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. പിന്നാലെയാണ് സൈന്യം നാല് ഭീകരെ വധിച്ചത്. അതിനിടെയാണ് മറ്റൊരു സൈനികനും വീര മൃത്യു വരിച്ചത്.