ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ യുഎസ്എയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിനെ 18.5 ഓവറില്‍ 115ല്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, 9.4 ഓവറില്‍ ഒറ്റ വിക്കറ്റും കളയാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ അഞ്ചുപന്തില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോര്‍ദാനാണ് യുഎസിന്റെ നട്ടെല്ലൊടിച്ചത്. ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (38 പന്തില്‍ 83) കൊടുങ്കാറ്റായി. ഇതോടെ ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.
ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാന്റെ ഹാട്രിക് മികവാണ് യുഎസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസ്. 18.5 ഓവറില്‍ 115 റണ്‍സിന് പുറത്തായി. 24 പന്തില്‍ 30 റണ്‍സെടുത്ത എന്‍ ആര്‍ കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍.28 പന്തില്‍ 29 റണ്‍സെടുത്ത സി ജെ ആന്‍ഡേഴ്സന്‍, 17 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍മീത് സിങ് എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു.
ഇംഗ്ലണ്ടിനായി ഹാട്രിക് നേട്ടത്തോടെ ജോര്‍ദാന്‍ 2.5 ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റും ലിവിങ്സ്റ്റണ്‍, ടോപ്ലെ എന്നിവര്‍ ഒന്നു വീതം വിക്കറ്റും നേടി.