റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

General

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്.

റെയിൽവെയുടെ സിഗ്നൽവിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. കേബിൾ മുറിഞ്ഞതോടെ ട്രെയിനുകള്‍ക്ക് മുന്നോട്ടുപോകാനുള്ള സിഗ്നൽ കിട്ടിയില്ല. ഇതോടെ വണ്ടികൾ നിർത്തിയിട്ടു. വടകര സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമ്മോ എത്തിച്ചാണ് യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *